യിരെമ്യാവ് 48:1-9
1
മോവാബിനെക്കുറിച്ചുള്ള അരുളപ്പാടു. യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന്നു അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിൎയ്യത്തയീമിന്നു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയൎന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
2
മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവർ അതിന്റെ നേരെ അനൎത്ഥം നിരൂപിക്കുന്നു; വരുവിൻ, അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാൾ നിന്നെ പിന്തുടരും.
3
ഹോരോനയീമിൽനിന്നു: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേൾക്കുന്നു.
4
മോവാബ് തകൎന്നിരിക്കുന്നു; അതിന്റെ കുഞ്ഞുകൾ നിലവിളി കൂട്ടുന്നു.
5
ലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവർ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേൾക്കുന്നു.
6
ഓടിപ്പോകുവിൻ! പ്രാണനെ രക്ഷിപ്പിൻ! മരുഭൂമിയിലെ ചൂരൽചെടിപോലെ ആയിത്തീരുവിൻ!
7
നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
8
കൊള്ളയിടുന്നവൻ എല്ലാപട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും; സമഭൂമി ശൂന്യമായ്തീരും.
9
മോവാബ് പറന്നുപോകേണ്ടതിന്നു അതിന്നു ചിറകു കൊടുപ്പിൻ; അതിന്റെ പട്ടണങ്ങൾ നിവാസികൾ ഇല്ലാതെ ശൂന്യമായ്പോകും.
Settings