യിരെമ്യാവ് 38:7-13
7
അവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻവാതില്ക്കൽ ഇരിക്കയായിരുന്നു.
8
ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു:
9
യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.
10
രാജാവു കൂശ്യനായ ഏബെദ്-മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു.
11
അങ്ങനെ ഏബെദ്-മേലെക്ക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.
12
കൂശ്യനായ ഏബെദ്--മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
13
അവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാൎത്തു.
Settings