യിരെമ്യാവ് 28:2-9
2
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.
3
ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാൻ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
4
യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
5
അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു:
6
ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവൎത്തിക്കുമാറാകട്ടെ!
7
എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക.
8
എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനൎത്ഥവും മഹാമാരിയും പ്രവചിച്ചു.
9
സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;
Settings