യെഹെസ്കേല്‍ 40:38-47
38
അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്റെ പൂമുഖത്തിൽകൂടി ആയിരുന്നു; അവിടെ അവർ ഹോമയാഗം കഴുകും.
39
ഗോപുരത്തിന്റെ പൂമുഖത്തു ഇപ്പുറത്തു രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെ മേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.
40
ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോൾ പുറമെ വടക്കുവശത്തു രണ്ടുമേശയും പൂമുഖത്തിന്റെ മറുവശത്തു രണ്ടുമേശയും ഉണ്ടായിരുന്നു.
41
ഗോപുരത്തിന്റെ പാൎശ്വഭാഗത്തു ഇപ്പുറത്തു നാലും അപ്പുറത്തു നാലും ഇങ്ങിനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെ മേൽ അവർ യാഗങ്ങളെ അറുക്കും.
42
ഹോമയാഗത്തിന്നുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെ മേൽ അവർ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങൾ വെക്കും.
43
അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകൾ തറെച്ചിരുന്നു; എന്നാൽ മേശകളുടെ മേൽ നിവേദിതമാംസം വെക്കും.
44
അകത്തെ ഗോപുരത്തിന്നു പുറത്തു, അകത്തെ പ്രാകാരത്തിൽ തന്നേ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കെഗോപുരത്തിന്റെ പാൎശ്വത്തു തെക്കോട്ടു ദൎശനമുള്ളതായിരുന്നു; മറ്റേതു തെക്കെഗോപുരത്തിന്റെ പാൎശ്വത്തു വടക്കോട്ടു ദൎശനമുള്ളതായിരുന്നു.
45
അവൻ എന്നോടു കല്പിച്ചതു: തെക്കോട്ടു ദൎശനമുള്ള ഈ മണ്ഡപം ആലയത്തിന്റെ വിചാരകരായ പുരോഹിതന്മാൎക്കുള്ളതു.
46
വടക്കോട്ടു ദൎശനമുള്ള മണ്ഡപം യാഗപീഠത്തിന്റെ വിചാരകരായ പുരോഹിതന്മാൎക്കുള്ളതു; ഇവർ യഹോവെക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്റെ പുത്രന്മാരാകുന്നു.
47
അവൻ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്റെ മുൻവശത്തായിരുന്നു.
Settings