Skip to content
യെഹെസ്കേല്‍ 34:11-22

യെഹെസ്കേല്‍ 34:11-22

11
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
12
ഒരു ഇടയൻ ചിതറിപ്പോയിരിക്കുന്ന തന്റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്റെ ആട്ടിൻ കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകലസ്ഥലങ്ങളിലുംനിന്നു അവയെ വിടുവിക്കും.
13
ഞാൻ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു ദേശങ്ങളിൽ നിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
14
നല്ല മേച്ചൽപുറത്തു ഞാൻ അവയെ മേയിക്കും; യിസ്രായേലിന്റെ ഉയൎന്ന മലകൾ അവെക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്ടിയുള്ള മേച്ചൽപുറത്തു മേയുകയും ചെയ്യും.
15
ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
16
കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ അവയെ മേയിക്കും.
17
നിങ്ങളോ, എന്റെ ആടുകളേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിന്നും ആടിന്നും മദ്ധ്യേയും ആട്ടുകൊറ്റന്മാൎക്കും കോലാട്ടുകൊറ്റന്മാൎക്കും മദ്ധ്യേയും ന്യായം വിധിക്കുന്നു.
18
നിങ്ങൾ നല്ല മേച്ചൽ മേഞ്ഞിട്ടു മേച്ചലിന്റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞവെള്ളം കുടിച്ചിട്ടു ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങൾക്കു പോരായോ?
19
നിങ്ങൾ കാൽകൊണ്ടു ചവിട്ടിയതു എന്റെ ആടുകൾ തിന്നുകയും നിങ്ങൾ കാൽകൊണ്ടു കലക്കിയതു അവ കുടിക്കയും ചെയ്യേണമോ?
20
അതുകൊണ്ടു യഹോവയായ കൎത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ തന്നേ തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മദ്ധ്യേ ന്യായംവിധിക്കും.
21
ദീനം പിടിച്ചവയെ നിങ്ങൾ പരക്കെ ചിതറിക്കുവോളം പാൎശ്വംകൊണ്ടും തോൾകൊണ്ടും ഉന്തി അവയെ ഒക്കെയും കൊമ്പുകൊണ്ടു ഇടിക്കുന്നതിനാൽ
22
ഞാൻ എന്റെ ആട്ടിൻകൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
Settings

Reading Style

Typeface

Font Size 19px

Reading Width 90 chars

Options