യെഹെസ്കേല്‍ 23:22-35
22
അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേല്ക്കാർ, കല്ദയർ ഒക്കെയും, പെക്കോദ്യർ, ശോവ്യർ,
23
കോവ്യർ, അശ്ശൂര്യർ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാൻ നിനക്കു വിരോധമായി ഉണൎത്തി ചുറ്റും നിന്റെ നേരെ വരുത്തും.
24
അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരെ വരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവൎക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്കു അനുസാരമായി നിന്നെ ന്യായം വിധിക്കും.
25
ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരെ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും.
26
അവർ നിന്റെ വസ്ത്രം ഉരിഞ്ഞു ആഭരണങ്ങളെ എടുത്തുകളയും.
27
ഇങ്ങനെ ഞാൻ നിന്റെ ദുൎമ്മൎയ്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിൎത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓൎക്കുകയുമില്ല.
28
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നീ പകെക്കുന്നവരുടെ കയ്യിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കയ്യിൽ തന്നേ, ഏല്പിക്കും.
29
അവർ പകയോടെ നിന്നോടു പെരുമാറി, നിന്റെ സമ്പാദ്യം ഒക്കെയും എടുത്തു, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുൎമ്മൎയ്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
30
നീ ജാതികളോടു ചേന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നേ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
31
നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാൻ അവളുടെ പാനപാത്രം നിന്റെ കയ്യിൽ തരും.
32
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ചു നിന്ദെക്കും പരിഹാസത്തിന്നും വിഷയമായ്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
33
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമൎയ്യരുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
34
നീ അതു കുടിച്ചു വറ്റിച്ചു ഉടെച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
35
ആകയാൽ യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്നു എന്നെ നിന്റെ പിറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുൎമ്മൎയ്യാദയും പരസംഗവും വഹിക്ക.
Settings