ദാനീയേല്‍ 8:19-27
19
പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ.
20
രണ്ടുകൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ പാൎസ്യരാജാക്കന്മാരെ കുറിക്കുന്നു.
21
പരുപരുത്ത കോലാട്ടുകൊറ്റൻ യവനരാജാവും അതിന്റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പു ഒന്നാമത്തെ രാജാവും ആകുന്നു.
22
അതു തകൎന്ന ശേഷം അതിന്നു പകരം നാലു കൊമ്പു മുളെച്ചതോ: നാലു രാജ്യം ആ ജാതിയിൽനിന്നുത്ഭവിക്കും; അതിന്റെ ശക്തിയോടെ അല്ലതാനും.
23
എന്നാൽ അവരുടെ രാജത്വത്തിന്റെ അന്ത്യകാലത്തു അതിക്രമക്കാരുടെ അതിക്രമം തികയുമ്പോൾ, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളോരു രാജാവു എഴുന്നേല്ക്കും.
24
അവന്റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവൻ അതിശയമാംവണ്ണം നാശം പ്രവൎത്തിക്കയും കൃതാൎത്ഥനായി അതു അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും.
25
അവൻ നയബുദ്ധിയാൽ തന്റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പു ഭാവിച്ചു, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കൎത്താധികൎത്താവിനോടു എതിൎത്തുനിന്നു കൈ തൊടാതെ തകൎന്നുപോകയും ചെയ്യും.
26
സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദൎശനം സത്യമാകുന്നു; ദൎശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടെച്ചുവെക്ക.
27
എന്നാൽ ദാനിയേലെന്ന ഞാൻ ബോധംകെട്ടു, കുറെ ദിവസം ദീനമായ്ക്കിടന്നു; അതിന്റെ ശേഷം ഞാൻ എഴുന്നേറ്റു രാജാവിന്റെ പ്രവൃത്തിനോക്കി; ഞാൻ ദൎശനത്തെക്കുറിച്ചു വിസ്മയിച്ചു; ആൎക്കും അതു മനസ്സിലായില്ലതാനും.
Settings