അപ്പൊസ്തലപ്രവൃത്തികള്‍ 23:16-35
16
ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൌലൊസിനോടു അറിയിച്ചു.
17
പൌലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാൎയ്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു.
18
അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാൎയ്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.
19
സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാൎയ്യമായി ചോദിച്ചു.
20
അതിന്നു അവൻ: യെഹൂദന്മാർ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു.
21
നീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.
22
നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.
23
പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസൎയ്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.
24
പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.
25
താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:
26
ക്ലൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.
27
ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൌരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.
28
അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.
29
എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തൎക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.
30
അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.
31
പടയാളികൾ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,
32
പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.
33
മറ്റവർ കൈസൎയ്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പിൽ നിൎത്തി.
34
അവൻ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:
35
വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.
Settings