അപ്പൊസ്തലപ്രവൃത്തികള്‍ 21:27-36
27
ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു:
28
യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.
29
അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൌലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
30
നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.
31
അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വൎത്തമാനം എത്തി.
32
അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
33
സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
34
പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
35
പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആൎത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ
36
പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.
Settings