Skip to content
2 ശമൂവേല്‍ 21:1-9

2 ശമൂവേല്‍ 21:1-9

1
ദാവീദിന്റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോൾ ശൌൽ ഗിബെയോന്യരെ കൊല്ലുകകൊണ്ടു അതു അവൻ നിമിത്തവും രാക്തപാതകമുള്ള അവന്റെ ഗൃഹംനിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.
2
രാജാവു ഗിബെയോന്യരെ വിളിച്ചു അവരോടു പറഞ്ഞു:- ഗിബെയോന്യർ യിസ്രായേല്യരല്ല അമോൎയ്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കൾ സത്യം ചെയ്തിരുന്നു; എങ്കിലും ശൌൽ യിസ്രായേല്യൎക്കും യെഹൂദ്യൎക്കും വേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാൻ ശ്രമിച്ചു -
3
ദാവീദ് ഗിബെയോന്യരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന്നു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.
4
ഗിബെയോന്യർ അവനോടു: ശൌലിനോടും അവന്റെ ഗൃഹത്തോടും ഞങ്ങൾക്കുള്ള കാൎയ്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങൾക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങൾ പറയുന്നതു ഞാൻ ചെയ്തുതരാം എന്നു അവൻ പറഞ്ഞു.
5
അവർ രാജാവിനോടു: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങൾ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്റെ മക്കളിൽ ഏഴുപേരെ ഞങ്ങൾക്കു ഏല്പിച്ചുതരേണം.
6
ഞങ്ങൾ അവരെ യഹോവയുടെ വൃതനായ ശൌലിന്റെ ഗിബെയയിൽ യഹോവെക്കു തൂക്കിക്കളയും എന്നു ഉത്തരം പറഞ്ഞു. ഞാൻ അവരെ തരാമെന്നു രാജാവു പറഞ്ഞു.
7
എന്നാൽ ദാവീദും ശൌലിന്റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവു ശൌലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിച്ചു.
8
അയ്യാവിന്റെ മകൾ രിസ്പാ ശൌലിന്നു പ്രസവിച്ച രണ്ടു പുത്രന്മാരായ അൎമ്മോനിയെയും മെഫീബോശെത്തിനെയും ശൌലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബൎസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു പിടിച്ചു ഗിബെയോന്യരുടെ കയ്യിൽ ഏല്പിച്ചു.
9
അവർ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്റെ ആരംഭത്തിലായിരുന്നു അവരെ കൊന്നതു.
Settings

Reading Style

Typeface

Font Size 19px

Options