2 ശമൂവേല്‍ 14:4-11
4
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാൻ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.
5
രാജാവു അവളോടു: നിനക്കു എന്തുവേണം എന്നു ചോദിച്ചതിന്നു അവൾ പറഞ്ഞതു: അടിയൻ ഒരു വിധവ ആകുന്നു; ഭൎത്താവു മരിച്ചുപോയി.
6
എന്നാൽ അടിയന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവെച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാൻ ആരും ഇല്ലായ്കകൊണ്ടു ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു.
7
കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവൻ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവർ എന്റെ ഭൎത്താവിന്നു പേരും സന്തതിയും ഭൂമിയിൽ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാൻ ഭാവിക്കുന്നു.
8
രാജാവു സ്ത്രീയോടു: നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാൎയ്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.
9
ആ തെക്കോവക്കാരത്തി രാജാവിനോടു: എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിന്നും സിംഹാസനത്തിന്നും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.
10
അതിന്നു രാജാവു: നിന്നോടു വല്ലതും പറയുന്നവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.
11
രക്തപ്രതികാരകൻ അധികം സംഹാരം ചെയ്കയും എന്റെ മകനെ അവർ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു രാജാവു ദൈവമായ യഹോവയെ ഓൎക്കേണമേ എന്നു അവൾ പറഞ്ഞു. അതിന്നു അവൻ: യഹോവയാണ, നിന്റെ മകന്റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.
Settings