2 രാജാക്കന്മാര്‍ 4:38-44
38
അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാർ അവന്റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്റെ ബാല്യക്കാരനോടു: നീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാൎക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
39
ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.
40
അവർ അതു ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ, കലത്തിൽ മരണം എന്നു പറഞ്ഞു.
41
അവൎക്കു കുടിപ്പാൻ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിൻ എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകൾക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
42
അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.
43
അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേൎക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
44
അങ്ങനെ അവൻ അവൎക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
Settings