2 കൊരിന്ത്യര്‍ 12:1-10
1
പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കൎത്താവിന്റെ ദൎശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു.
2
ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വൎഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
3
ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.
4
മനുഷ്യന്നു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്നു ഞാൻ അറിയുന്നു.
5
അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല.
6
ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നതു; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുതു എന്നുവെച്ചു ഞാൻ അടങ്ങുന്നു.
7
വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ.
8
അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കൎത്താവിനോടു അപേക്ഷിച്ചു.
9
അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും.
10
അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു.
Settings