1 രാജാക്കന്മാര്‍ 12:6-15
6
രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
7
അതിന്നു അവർ അവനോടു: നീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
8
എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളൎന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവ്വനക്കാരോടു ആലോചിച്ചു:
9
നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
10
അവനോടുകൂടെ വളൎന്നിരുന്ന യൌവ്വനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു; നീ അതു ഞങ്ങൾക്കു ഭാരം കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയെക്കാൾ വണ്ണമുള്ളതായിരിക്കും.
11
എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
12
മൂന്നാം ദിവസം എന്റെ അടുക്കൽ വീണ്ടും വരുവിൻ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽ ചെന്നു.
13
എന്നാൽ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചനയെ അവൻ ത്യജിച്ചു.
14
യൌവ്വനക്കാരുടെ ആലോചനപോലെ അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
15
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാൎയ്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings