ഉള്ളടക്കത്തിലേക്ക് പോകുക

സങ്കീര്‍ത്തനങ്ങള്‍92

ആരാധനയ്ക്കും സ്തോത്രത്തിനുമുള്ള ആഹ്വാനം

1
യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീൎത്തിക്കുന്നതും
2
പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
3
രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വൎണ്ണിക്കുന്നതും നല്ലതു.
4
യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.

ദൈവത്തിന്റെ മഹത്വവും ദുഷ്ടന്മാരുടെ ഭോഷത്തവും

5
യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
6
മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല; മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
7
ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവൎത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
8
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
9
യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു; നീതികേടു പ്രവൎത്തിക്കുന്ന ഏവരും ചിതറിപ്പോകും.

വ്യക്തിപരമായ നീതീകരണത്തിന്റെ ഉറപ്പ്

10
എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയൎത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിൎക്കുന്ന ദുഷ്കൎമ്മികളെക്കുറിച്ചു കേട്ടും രസിക്കും.

നീതിമാന്റെ നിലനിൽക്കുന്ന ഫലപ്രാപ്തി

12
നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
13
യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
14
വാൎദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
15
യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.
Use arrow keys to navigate
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options