സങ്കീര്‍ത്തനങ്ങള്‍ 114
ദൈവം യിസ്രായേലിനെ മിസ്രയീമിൽനിന്നു നടത്തുന്നു 1–2
1
യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2
യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീൎന്നു.
ദൈവസാന്നിധ്യത്തോടുള്ള പ്രകൃതിയുടെ പ്രതികരണം 3–4
3
സമുദ്രം കണ്ടു ഓടി; യോൎദ്ദാൻ പിൻവാങ്ങിപ്പോയി.
4
പൎവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
സൃഷ്ടിയോടുള്ള അലങ്കാരിക ചോദ്യം 5–6
5
സമുദ്രമേ, നീ ഓടുന്നതെന്തു? യോൎദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?
6
പൎവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
യഹോവയുടെ സാന്നിധ്യം ഭക്തി ആവശ്യപ്പെടുന്നു 7–8
7
ഭൂമിയേ, നീ കൎത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.
8
അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Study note