റോമര് 4:5-16
5
പ്രവൎത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
6
ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വൎണ്ണിക്കുന്നതു:
7
“അധൎമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
8
കൎത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
9
ഈ ഭാഗ്യവൎണ്ണനം പരിച്ഛേദനെക്കോ? അഗ്രചൎമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
10
എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചൎമ്മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചൎമ്മത്തിലത്രേ.
11
അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചൎമ്മത്തോടെ വിശ്വസിക്കുന്നവൎക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവൎക്കു എല്ലാവൎക്കും പിതാവായിരിക്കേണ്ടതിന്നും
12
പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാൎക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.
13
ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.
14
എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യൎത്ഥവും വാഗ്ദത്തം ദുൎബ്ബലവും എന്നു വരും.
15
ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.
16
അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവൎക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവൎക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
Settings