സംഖ്യാപുസ്തകം 21:23-32
23
എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
24
യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അൎന്നോൻ മുതൽ യബ്ബോക്ക്വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു.
25
ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോൎയ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാൎത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ.
26
ഹെശ്ബോൻ അമോൎയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അൎന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു.
27
അതുകൊണ്ടു കവിവരന്മാർ പറയുന്നതു: “ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ.
28
ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അൎന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.
29
മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോൎയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു.
30
ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻവരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”
31
ഇങ്ങനെ യിസ്രായേൽ അമോൎയ്യരുടെ ദേശത്തു കുടിപാൎത്തു.
32
അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോൎയ്യരെ ഓടിച്ചുകളഞ്ഞു.
Settings