ലേവ്യപുസ്തകം 19:17-37
17
സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുതു; കൂട്ടുകാരന്റെ പാപം നിന്റെ മേൽ വരാതിരിപ്പാൻ അവനെ താല്പൎയ്യമായി ശാസിക്കേണം. പ്രതികാരം ചെയ്യരുതു.
18
നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.
19
നിങ്ങൾ എന്റെ ചട്ടങ്ങൾ പ്രമാണിക്കേണം. രണ്ടുതരം മൃഗങ്ങളെ തമ്മിൽ ഇണ ചേൎക്കരുതു; നിന്റെ വയലിൽ കൂട്ടുവിത്തു വിതെക്കരുതു; രണ്ടു വക സാധനം കലൎന്ന വസ്ത്രം ധരിക്കരുതു.
20
ഒരു പുരുഷന്നു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തൻ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവൾ സ്വാതന്ത്ൎയ്യമില്ലാത്തവളായാൽ അവരെ കൊല്ലരുതു;
21
അവൻ യഹൊവെക്കു അകൃത്യയാഗത്തിന്നായി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം.
22
അവൻ ചെയ്ത പാപത്തിന്നായി പുരോഹിതൻ അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ടു അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ചെയ്ത പാപം അവനോടു ക്ഷമിക്കും.
23
നിങ്ങൾ ദേശത്തു എത്തി ഭക്ഷണത്തിന്നു ഉതകുന്ന സകലവിധവൃക്ഷങ്ങളും നട്ടശേഷം നിങ്ങൾക്കു അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുതു.
24
നാലാം സംവത്സരത്തിൽ അതിന്റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിന്നായിട്ടു ശുദ്ധമായിരിക്കേണം.
25
അഞ്ചാം സംവത്സരത്തിലോ നിങ്ങൾക്കു അതിന്റെ ഫലം തിന്നാം; അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വൎദ്ധിച്ചുവരും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
26
രക്തത്തോടുകൂടിയുള്ളതു തിന്നരുതു; ആഭിചാരം ചെയ്യരുതു; മുഹൂൎത്തം നോക്കരുതു;
27
നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുതു; താടിയുടെ അറ്റം വിരൂപമാക്കരുതു.
28
മരിച്ചവന്നുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുതു; മെയ്മേൽ പച്ചകുത്തരുതു; ഞാൻ യഹോവ ആകുന്നു.
29
ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കൎമ്മംകൊണ്ടു നിറയാതിരിക്കേണ്ടതിന്നു നിന്റെ മകളെ വേശ്യാവൃത്തിക്കു ഏല്പിക്കരുതു.
30
നിങ്ങൾ എന്റെ ശബ്ബത്തുകൾ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാൻ യഹോവ ആകുന്നു.
31
വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുതു. അവരാൽ അശുദ്ധരായ്തീരുവാൻ തക്കവണ്ണം അവരെ അന്വേഷിക്കയും അരുതു. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
32
നരച്ചവന്റെ മുമ്പാകെ എഴുന്നേൽക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാൻ യഹോവ ആകുന്നു.
33
പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാൎത്താൽ അവനെ ഉപദ്രവിക്കരുതു.
34
നിങ്ങളോടുകൂടെ പാൎക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
35
ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു.
36
ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
37
നിങ്ങൾ എന്റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു അനുസരിക്കേണം; ഞാൻ യഹോവ ആകുന്നു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings