ഉള്ളടക്കത്തിലേക്ക് പോകുക
ലേവ്യപുസ്തകം 10:12-20

പുരോഹിതരുടെ ഓഹരികളെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ

ലേവ്യപുസ്തകം 10:12-20
12
അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങൾ എടുത്തു യാഗപീഠത്തിന്റെ അടുക്കൽ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിൻ; അതു അതിവിശുദ്ധം.
13
അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാൎക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
14
നിരാജനത്തിന്റെ നെഞ്ചും ഉദൎച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്റെ മക്കൾക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
15
മേദസ്സിന്റെ ദഹനയാഗങ്ങളോടുകൂടെ അവർ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന്നു ഉദൎച്ചയുടെ കൈക്കുറകും നീരാജനത്തിന്റെ നെഞ്ചും കൊണ്ടു വരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്റെ മക്കൾക്കും ഇരിക്കേണം.
16
പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപൎയ്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോൾ അവൻ അഹരോന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:
17
പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവൎക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങൾക്കു തന്നതുമായിരിക്കെ നിങ്ങൾ അതു ഒരു വിശുദ്ധ സ്ഥലത്തുവെച്ചു ഭക്ഷിക്കാഞ്ഞതു എന്തു?
18
അതിന്റെ രക്തം വിശുദ്ധമന്ദിരത്തിന്നകത്തു കൊണ്ടുവന്നില്ലല്ലോ; ഞാൻ ആജ്ഞാപിച്ചതുപോലെ നിങ്ങൾ അതു ഒരു വിശുദ്ധസ്ഥലത്തു വെച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.
19
അപ്പോൾ അഹരോൻ മോശെയോടു: ഇന്നു അവർ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അൎപ്പിച്ചു; എനിക്കു ഇങ്ങനെ ഭവിച്ചുവല്ലോ. ഇന്നു ഞാൻ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവെക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.
20
ഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു.
Settings

Reading Style

Typeface

Font Size 19px

Options