ന്യായാധിപന്മാര്‍ 9:34-45
34
അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
35
ഏബെദിന്റെ മകനായ ഗാൽ പുറപ്പെട്ടു പട്ടണത്തിന്റെ ഗോപുരത്തിങ്കൽ നിന്നപ്പോൾ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്നു എഴുന്നേറ്റു.
36
ഗാൽ പടജ്ജനത്തെ കണ്ടപ്പോൾ: അതാ, പൎവ്വതങ്ങളുടെ മുകളിൽനിന്നു പടജ്ജനം ഇറങ്ങിവരുന്നു എന്നു സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോടു: പൎവ്വതങ്ങളുടെ നിഴൽ കണ്ടിട്ടു മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.
37
ഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമദ്ധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.
38
സെബൂൽ അവനോടു: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവൻ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോൾ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോൾ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
39
അങ്ങനെ ഗാൽ ശെഖേംപൌരന്മാരുമായി പുറപ്പെട്ടു അബീമേലക്കിനോടു പടവെട്ടി.
40
അബീമേലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; അവൻ അവനെ പിന്തുടൎന്നു പടിവാതിൽവരെ അനേകംപേർ ഹതന്മാരായി വീണു.
41
അബീമേലെക്ക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാൎപ്പാൻ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.
42
പിറ്റെന്നാൾ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന്നു അതിനെക്കുറിച്ചു അറിവുകിട്ടി.
43
അവൻ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ടു അവരുടെ നേരെ ചെന്നു അവരെ സംഹരിച്ചു.
44
പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്നു പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നു; മറ്റെ കൂട്ടം രണ്ടും വയലിലുള്ള സകലജനത്തിന്റെയും നേരെ പാഞ്ഞുചെന്നു അവരെ സംഹരിച്ചു.
45
അബീമേലെക്ക് അന്നു മുഴുവനും പട്ടണത്തോടു പൊരുതു പട്ടണം പിടിച്ചു അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞു അതിൽ ഉപ്പു വിതറി.
Settings