യിരെമ്യാവ് 5:4-17
4
അതുകൊണ്ടു ഞാൻ: ഇവർ അല്പന്മാർ, ബുദ്ധിഹീനർ തന്നേ; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയുന്നില്ല.
5
ഞാൻ മഹാന്മാരുടെ അടുക്കൽ ചെന്നു അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകൎത്തു കയറു പൊട്ടിച്ചുകളഞ്ഞിരിക്കുന്നു.
6
അതുകൊണ്ടു കാട്ടിൽനിന്നു ഒരു സിംഹം വന്നു അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചുകൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കെതിരെ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചു കീറിക്കളയും; അവരുടെ അതിക്രമങ്ങൾ വളരെയല്ലോ? അവരുടെ പിൻമാറ്റങ്ങളും പെരുകിയിരിക്കുന്നു.
7
ഞാൻ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
8
തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവർ മദിച്ചുനടന്നു, ഓരോരുത്തൻ താന്താന്റെ കൂട്ടുകാരന്റെ ഭാൎയ്യയെ നോക്കി ചിറാലിക്കുന്നു.
9
ഇവനിമിത്തം ഞാൻ സന്ദൎശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാൻ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
10
അതിന്റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിൻ; എങ്കിലും മുടിച്ചുകളയരുതു; അതിന്റെ കൊമ്പുകളെ നീക്കിക്കളവിൻ; അവ യഹോവെക്കുള്ളവയല്ലല്ലോ.
11
യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
12
അവർ യഹോവയെ നിഷേധിച്ചു പറഞ്ഞതു: അതു അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.
13
പ്രവാചകന്മാർ കാറ്റായ്തീരും; അവൎക്കു അരുളപ്പാടില്ല; അവൎക്കു അങ്ങനെ ഭവിക്കട്ടെ.
14
അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഈ വാക്കു പറഞ്ഞതുകൊണ്ടു, ഇതാ, ഞാൻ നിന്റെ വായിൽ എന്റെ വചനങ്ങളെ തീയും ഈ ജനത്തെ വിറകും ആക്കും; അവർ അതിന്നു ഇരയായി തീരും.
15
യിസ്രായേൽഗൃഹമേ, ഞാൻ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടു: അതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;
16
അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവർ എല്ലാവരും വീരന്മാരത്രേ.
17
നിന്റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്റെ വിളവും നിന്റെ ആഹാരവും അവർ ഭക്ഷിച്ചുകളയും; അവർ നിന്റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവർ നിന്റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്റെ ഉറപ്പുള്ള പട്ടണങ്ങളെ അവർ വാൾകൊണ്ടു ശൂന്യമാക്കിക്കളയും.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings