Skip to content
യിരെമ്യാവ് 26:16-24

യിരെമ്യാവ് 26:16-24

16
അപ്പോൾ പ്രഭുക്കന്മാരും സകലജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യൻ മരണയോഗ്യനല്ല; അവൻ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നതു എന്നു പറഞ്ഞു.
17
അനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലർ എഴുന്നേറ്റു ജനത്തിന്റെ സൎവ്വസംഘത്തോടും പറഞ്ഞതു:
18
യെഹൂദാരാജാവായ ഹിസ്കീയാവിന്റെ കാലത്തു മോരഷ്ട്യനായ മീഖായാവു സകലയെഹൂദാജനത്തോടും പ്രവചിച്ചു: സീയോനേ വയൽ പോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പൎവ്വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
19
യെഹൂദാരാജാവായ ഹിസ്കീയാവും സൎവ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവൻ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താൻ അവൎക്കു വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനൎത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനൎത്ഥം വരുത്തുവാൻ പോകുന്നു.
20
അങ്ങനെ തന്നേ കിൎയ്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായ ഊരീയാവു എന്നൊരുത്തൻ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവൻ യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ ഈ നഗരത്തിന്നും ഈ ദേശത്തിന്നും വിരോധമായി പ്രവചിച്ചു.
21
യെഹോയാക്കീംരാജാവു അവന്റെ സകലയുദ്ധവീരന്മാരും സകലപ്രഭുക്കന്മാരും അവന്റെ വാക്കുകളെ കേട്ടപ്പോൾ, രാജാവു അവനെ കൊന്നുകളവാൻ വിചാരിച്ചു; ഊരീയാവു അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്കു ഓടിപ്പോയി.
22
യെഹോയാക്കീംരാജാവു ചില ആളുകളെ, അഖ്ബോരിന്റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്കു അയച്ചു.
23
അവർ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ അവനെ വാൾകൊണ്ടു കൊന്നു അവന്റെ ശവത്തെ സാമാന്യജനത്തിന്റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
24
എന്നാൽ യിരെമ്യാവെ ജനത്തിന്റെ കയ്യിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിന്നു ശാഫാന്റെ മകനായ അഹീക്കാം അവന്നു പിന്തുണയായിരുന്നു.
Settings

Reading Style

Typeface

Font Size 19px

Options