യെശയ്യാവ് 1:21-31
21
വിശ്വസ്തനഗരം വേശ്യയായി തീൎന്നിരിക്കുന്നതു എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കുലപാതകന്മാർ.
22
നിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേൎന്നും ഇരിക്കുന്നു.
23
നിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നേ; അവർ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.
24
അതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കൎത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.
25
ഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.
26
ഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.
27
സീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.
28
എന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.
29
നിങ്ങൾ താല്പൎയ്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.
30
നിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.
31
ബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.
Settings