യെഹെസ്കേല്‍ 46:1-8
1
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദൎശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
2
എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്ക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അൎപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
3
ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
4
പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അൎപ്പിക്കേണം.
5
ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അൎപ്പിക്കേണം.
6
അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനേയും അൎപ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.
7
ഭോജനയാഗമായി അവൻ കാളെക്കു ഒരു ഏഫയും മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അൎപ്പിക്കേണം.
8
പ്രഭു വരുമ്പോൾ അവൻ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടക്കയും ആ വഴിയായി തന്നേ പുറത്തേക്കു പോകയും വേണം.
Settings