ഉള്ളടക്കത്തിലേക്ക് പോകുക
യെഹെസ്കേല്‍ 24:1-14

യെരൂശലേമിന്റെ ഉപരോധം മുൻകൂട്ടി അറിയിക്കുന്നു

യെഹെസ്കേല്‍ 24:1-14
1
ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേൽരാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
3
നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതിൽ വെള്ളം ഒഴിക്ക.
4
മാംസകഷണങ്ങൾ, തുട, കൈക്കുറകു മുതലായ നല്ല കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക.
5
ആട്ടിൻ കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ.
6
അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേൽ വീണിട്ടില്ല.
7
അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല.
8
ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നേ നിൎത്തിയിരിക്കുന്നു.
9
അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
10
വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
11
അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക.
12
അവൾ അദ്ധ്വാനംകൊണ്ടു തളൎന്നുപോയി; അവളുടെ കനത്ത ക്ലാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവു തീയാലും വിട്ടുപോകുന്നില്ല.
13
നിന്റെ മലിനമായ ദുൎമ്മൎയ്യാദനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീൎക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല.
14
യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അതു അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options