യെഹെസ്കേല്‍ 20:1-27
1
ഏഴാം ആണ്ടു അഞ്ചാം മാസം പത്താം തിയ്യതി യിസ്രായേൽമൂപ്പന്മാരിൽ ചിലർ യഹോവയോടു അരുളപ്പാടു ചോദിപ്പാൻ വന്നു എന്റെ മുമ്പിൽ ഇരുന്നു.
2
അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
3
മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നോടു അരുളപ്പാടു ചോദിപ്പാൻ വന്നിരിക്കുന്നുവോ? നിങ്ങൾ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാൻ ഉത്തരമരുളുകയില്ല എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു എന്നു അവരോടു പറയേണം.
4
മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോടു അറിയിച്ചുപറയേണ്ടതു:
5
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ് ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയൎത്തി സത്യംചെയ്തു, മിസ്രയീംദേശത്തുവെച്ചു എന്നെത്തന്നേ അവൎക്കു വെളിപ്പെടുത്തിയ നാളിൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു കൈ ഉയൎത്തിയുംകൊണ്ടു അവരോടു അരുളിച്ചെയ്തു.
6
ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാൻ അവൎക്കുവേണ്ടി നോക്കിവെച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സൎവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതുമായ ദേശത്തിലേക്കു അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയൎത്തി സത്യംചെയ്തു.
7
അവരോടു: നിങ്ങൾ ഓരോരുത്തനും താന്താന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിൻ; മിസ്രയീമ്യ ബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുതു, ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
8
അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേൾപ്പാൻ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്ണിന്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാൻ: മിസ്രയീംദേശത്തിന്റെ നടുവിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപം അവരിൽ നിവൎത്തിക്കും എന്നും അരുളിച്ചെയ്തു.
9
എങ്കിലും അവരുടെ ചുറ്റും പാൎക്കയും ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാൻ എന്റെ നാമംനിമിത്തം പ്രവൎത്തിച്ചു.
10
അങ്ങനെ ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു മരുഭൂമിയിൽ കൊണ്ടുവന്നു.
11
ഞാൻ എന്റെ ചട്ടങ്ങളെ അവൎക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
12
ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്നു അവർ അറിയേണ്ടതിന്നു എനിക്കും അവൎക്കു ഇടയിൽ അടയാളമായിരിപ്പാൻ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാൻ അവൎക്കു കൊടുത്തു.
13
യിസ്രായേൽഗൃഹമോ മരുഭൂമിയിൽവെച്ചു എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവർ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാൻ മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു അവരെ സംഹരിക്കുമെന്നു അരുളിച്ചെയ്തു.
14
എങ്കിലും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിന്നു ഞാൻ അതിൻ നിമിത്തം പ്രവൎത്തിച്ചു.
15
അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേൎന്നിരുന്നതുകൊണ്ടു അവർ എന്റെ വിധികളെ ധിക്കരിച്ചു എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
16
ഞാൻ അവൎക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സൎവ്വദേശങ്ങളുടെയും മഹത്വമായിരിക്കുന്നതും ആയ ദേശത്തേക്കു അവരെ കൊണ്ടുവരികയില്ല എന്നു ഞാൻ മരുഭൂമിയിൽവെച്ചു കൈ ഉയൎത്തി സത്യം ചെയ്തു.
17
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽവെച്ചു അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്കു അവരോടു അയ്യോഭാവം തോന്നി.
18
ഞാൻ മരുഭൂമിയിൽവെച്ചു അവരുടെ മക്കളോടു: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുതു; അവരുടെ വിധികളെ പ്രമാണിക്കരുതു; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു;
19
ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങൾ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എന്റെ വിധികളെ പ്രമാണിച്ചു അനുഷ്ഠിപ്പിൻ;
20
എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങൾക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
21
എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവർ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യൻ അവയാൽ ജീവിക്കും; അവർ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാൻ: മരുഭൂമിയിൽവെച്ചു എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപം അവരിൽ നിവൎത്തിക്കും എന്നു അരുളിച്ചെയ്തു.
22
എങ്കിലും ഞാൻ എന്റെ കൈ പിൻവലിക്കയും ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവൎത്തിക്കയും ചെയ്തു.
23
അവർ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണു അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ടു,
24
ഞാൻ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്നു മരുഭൂമിയിൽവെച്ചു കൈ ഉയൎത്തി അവരോടു സത്യം ചെയ്തു.
25
ഞാൻ അവൎക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാൻ ഉതകാത്ത വിധികളെയും കൊടുത്തു.
26
ഞാൻ യഹോവ എന്നു അവർ അറിവാൻ തക്കവണ്ണം ഞാൻ അവരെ ശൂന്യമാക്കേണ്ടതിന്നു അവർ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാൻ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
27
അതുകൊണ്ടു മരുഷ്യപുത്രാ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാർ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
Settings