Skip to content
പുറപ്പാട് 18:13-26

പുറപ്പാട് 18:13-26

13
പിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരം വരെ മോശെയുടെ ചുറ്റും നിന്നു.
14
അവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാൎയ്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരം വരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു.
15
മോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.
16
അവൎക്കു ഒരു കാൎയ്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവൎക്കു തമ്മിലുള്ള കാൎയ്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.
17
അതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:
18
നീ ചെയ്യുന്ന കാൎയ്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാൎയ്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവൎത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.
19
ആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാൎയ്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.
20
അവൎക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.
21
അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേൎക്കു അധിപതിമാരായും നൂറുപേൎക്കു അധിപതിമാരായും അമ്പതുപേൎക്കു അധിപതിമാരായും പത്തുപേൎക്കു അധിപതിമാരായും നിയമിക്ക.
22
അവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാൎയ്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാൎയ്യം ഒക്കെയും അവർ തന്നേ തീൎക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.
23
നീ ഈ കാൎയ്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താൽ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.
24
മോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
25
മോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേൎക്കു അധിപതിമാരായും നൂറുപേൎക്കു അധിപതിമാരായും അമ്പതുപേൎക്കു അധിപതിമാരായും പത്തുപേൎക്കു അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.
26
അവർ എല്ലാസമയത്തും ജനത്തിന്നു ന്യായംവിധിച്ചു വന്നു; വിഷമമുള്ള കാൎയ്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാൎയ്യം ഒക്കെയും അവർ തന്നേ തീൎക്കും.
Settings

Reading Style

Typeface

Font Size 19px

Options