ദാനീയേല് 7:1-14
1
ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയിൽവെച്ചു ദൎശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാൎയ്യത്തിന്റെ സാരം വിവരിച്ചു.
2
ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദൎശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.
3
അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.
4
ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിൎത്തുനിൎത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.
5
രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാൎശ്വം ഉയൎത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
6
പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
7
രാത്രിദൎശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകൎക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
8
ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
9
ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിൎമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
10
ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
11
കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.
12
ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
13
രാത്രിദൎശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
14
സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0