2 ശമൂവേല്‍ 3:28-39
28
ദാവീദ് അതു കേട്ടപ്പോൾ നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ചു എനിക്കും എന്റെ രാജത്വത്തിന്നും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
29
അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.
30
അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതു നിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
31
ദാവീദ് യോവാബിനോടും അവനോടുകൂടെയുള്ള സകലജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്തു അബ്നേരിന്റെ മുമ്പിൽ നടന്നു വിലപിപ്പിൻ എന്നു പറഞ്ഞു. ദാവീദ്‌രാജാവു ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
32
അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവു അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
33
രാജാവു അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടതു?
34
നിന്റെ കൈ ബന്ധിച്ചിരുന്നില്ല; നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകലജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.
35
നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിന്നു വന്നപ്പോൾ: സൂൎയ്യൻ അസ്തമിക്കും മുമ്പെ ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യം ചെയ്തു പറഞ്ഞു.
36
ഇതു ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവു ചെയ്തതൊക്കെയും സൎവ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവൎക്കു ബോധിച്ചു.
37
നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്റെ അറിവോടെയല്ല എന്നു സകലജനത്തിന്നും യിസ്രായേലിന്നൊക്കെയും അന്നു ബോധ്യമായി.
38
രാജാവു തന്റെ ഭൃത്യന്മാരോടു: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ?
39
ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്കു ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവൎത്തിച്ചവന്നു അവന്റെ ദുഷ്ടതെക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.
Settings