Skip to content
2 രാജാക്കന്മാര്‍ 23:4-14

2 രാജാക്കന്മാര്‍ 23:4-14

4
രാജാവു മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിന്നും അശേരെക്കും ആകാശത്തിലെ സൎവ്വസൈന്യത്തിന്നും വേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാൻ കല്പിച്ചു; യെരൂശലേമിന്നു പുറത്തു കിദ്രോൻപ്രദേശത്തുവെച്ചു അവയെ ചുട്ടു, ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
5
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാൻ യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന പൂജാഗിരികളെയും ബാലിന്നും സൂൎയ്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സൎവ്വസൈന്യത്തിന്നും ധൂപം കാട്ടിയവരെയും അവൻ നീക്കിക്കളഞ്ഞു.
6
അശേരാപ്രതിഷ്ഠയെയും അവൻ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിന്നു പുറത്തു കിദ്രോൻതോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോൻതാഴ്വീതിയിൽവെച്ചു ചുട്ടുപൊടിയാക്കി പൊടി സാമാന്യജനത്തിന്റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു.
7
സ്ത്രീകൾ അശേരെക്കു കൂടാരശീലകൾ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവൻ ഇടിച്ചുകളഞ്ഞു.
8
അവൻ യെഹൂദാപട്ടണങ്ങളിൽനിന്നു സകലപുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേർ-ശേബവരെ പുരോഹിതന്മാർ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതില്ക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവൻ ഇടിച്ചുകളഞ്ഞു.
9
എന്നാൽ പൂജാഗിരിപുരോഹിതന്മാർ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവർ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളു.
10
ആരും തന്റെ മകനെയോ മകളെയോ മോലെക്കിന്നു അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന്നു ബെൻ-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവൻ അശുദ്ധമാക്കി.
11
യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിന്നകത്തുള്ള നാഥാൻ-മേലെക്ക് എന്ന ഷണ്ഡന്റെ അറെക്കരികെ യെഹൂദാരാജാക്കന്മാർ സൂൎയ്യന്നു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവൻ നീക്കി, സൂൎയ്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.
12
യെഹൂദാരാജാക്കന്മാർ ആഹാസിന്റെ മാളികയുടെ മേൽപുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവു തകൎത്തു അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
13
യെരൂശലേമിന്നെതിരെ നാശപൎവ്വതത്തിന്റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിന്നും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിന്നും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിന്നും പണിതിരുന്ന പൂജാഗിരികളെയും രാജാവു അശുദ്ധമാക്കി.
14
അവൻ വിഗ്രഹസ്തംഭങ്ങളെ തകൎത്തു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികൾകൊണ്ടു നിറെച്ചു.
Settings

Reading Style

Typeface

Font Size 19px

Options