Skip to content
1 രാജാക്കന്മാര്‍ 8:47-54

1 രാജാക്കന്മാര്‍ 8:47-54

47
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ ഉണൎന്നു മനംതിരിഞ്ഞു, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവൎത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു
48
നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവർ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാൎക്കു കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാൎത്ഥിക്കയും ചെയ്താൽ
49
നീ നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ അവരുടെ പ്രാൎത്ഥനയും യാചനയും കേട്ടു അവൎക്കു ന്യായം പാലിച്ചുകൊടുത്തു,
50
നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവൎക്കു അവരോടു കരുണതോന്നത്തക്കവണ്ണം അവൎക്കു അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.
51
അവർ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്റെ ജനവും നിന്റെ അവകാശവും ആകുന്നുവല്ലോ.
52
അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാൎത്തരുളേണമേ.
53
കൎത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽ നിന്നു കൊണ്ടുവന്നപ്പോൾ നിന്റെ ദാസനായ മോശെമുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകലജാതികളിൽനിന്നും നീ അവരെ നിനക്കു അവകാശമായി വേറുതിരിച്ചുവല്ലോ.
54
ശലോമോൻ യഹോവയോടു ഈ പ്രാൎത്ഥനയും യാചനയും എല്ലാം കഴിച്ചുതീൎന്നശേഷം അവൻ യഹോവയുടെ യാഗപീഠത്തിൽ മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലൎത്തിയിരുന്നതും വിട്ടു എഴുന്നേറ്റു.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options