1 രാജാക്കന്മാര്‍ 8:15-26
15
എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവൎത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
16
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവൻ അരുളിച്ചെയ്തു.
17
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പൎയ്യം ഉണ്ടായിരുന്നു.
18
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പൎയ്യം ഉണ്ടായല്ലോ; അങ്ങനെ താല്പൎയ്യം ഉണ്ടായതു നല്ലതു.
19
എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
20
അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവൎത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയവും പണിതിരിക്കുന്നു.
21
യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്നപ്പോൾ, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിന്നു ഞാൻ അതിൽ ഒരു സ്ഥലം ഒരിക്കിയിരിക്കുന്നു.
22
അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ യിസ്രായേലിന്റെ സൎവ്വസഭയുടെയും സമക്ഷത്തു നിന്നുകൊണ്ടു ആകാശത്തിലേക്കു കൈമലൎത്തി പറഞ്ഞതു എന്തെന്നാൽ:
23
യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂൎണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാൎക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വൎഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.
24
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവൎത്തിച്ചുമിരിക്കുന്നു.
25
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവൎത്തിക്കേണമേ.
26
ഇപ്പോൾ യിസ്രായേലിന്റെ ദൈവമേ, എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings