സങ്കീര്‍ത്തനങ്ങള്‍ 74:1-11
1
ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
2
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോൻ പൎവ്വതത്തെയും ഓൎക്കേണമേ.
3
നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4
നിന്റെ വൈരികൾ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5
അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6
ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകൎത്തുകളയുന്നു.
7
അവർ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8
നാം അവരെ നശിപ്പിച്ചുകളക എന്നു അവർ ഉള്ളംകൊണ്ടു പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
9
ഞങ്ങൾ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11
നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയിൽനിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
Settings