Skip to content
സംഖ്യാപുസ്തകം 23:13-26

സംഖ്യാപുസ്തകം 23:13-26

13
ബാലാക്ക് അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു.
14
ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
15
പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.
16
യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു.
17
അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക്ക് അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു.
18
അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക.
19
വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവൎത്തിക്കാതിരിക്കുമോ?
20
അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ.
21
യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദൎശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു.
22
ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു.
23
ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവൎത്തിച്ചിരിക്കുന്നു എന്നേ പറയാവു.
24
ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.
25
അപ്പോൾ ബാലാക്ക് ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു.
26
ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.
Settings

Reading Style

Typeface

Font Size 19px

Options