ലൂക്കൊസ് 6:20-26
20
അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ; ദൈവരാജ്യം നിങ്ങൾക്കുള്ളതു.
21
ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾക്കു തൃപ്തിവരും; ഇപ്പോൾ കരയുന്നവരായ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ചിരിക്കും.
22
മനുഷ്യപുത്രൻ നിമിത്തം മനുഷ്യർ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേർ വിടക്കു എന്നു തള്ളുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.
23
ആ നാളിൽ സന്തോഷിച്ചു തുള്ളുവിൻ; നിങ്ങളുടെ പ്രതിഫലം സ്വൎഗ്ഗത്തിൽ വലിയതു; അവരുടെ പിതാക്കന്മാർ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ.
24
എന്നാൽ സമ്പന്നരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുപോയല്ലോ.
25
ഇപ്പോൾ തൃപ്തന്മാരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരായ നിങ്ങൾക്കു അയ്യോ കഷ്ടം; നിങ്ങൾ ദുഃഖിച്ചു കരയും.
26
സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോൾ നിങ്ങൾക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാർ കള്ളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
Settings