യൂദാ 1:8-16
8
അങ്ങനെ തന്നേ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കൎത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.
9
എന്നാൽ പ്രധാനദൂതനായ മീഖായേൽ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തൎക്കിച്ചു വാദിക്കുമ്പോൾ ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കൎത്താവു നിന്നെ ഭൎത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.
10
ഇവരോ തങ്ങൾ അറിയാത്തതു എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാൽ ഒക്കെയും തങ്ങളെത്തന്നേ വഷളാക്കുന്നു.
11
അവൎക്കു അയ്യോ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്റെ വഞ്ചനയിൽ തങ്ങളെത്തന്നേ ഏല്പിക്കയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.
12
ഇവർ നിങ്ങളുടെ സ്നേഹസദ്യകളിൽ മറഞ്ഞുകിടക്കുന്ന പാറകൾ; നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു ഭയംകൂടാതെ തങ്ങളെത്തന്നേ തീറ്റുന്നവർ; കാറ്റുകൊണ്ടു ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങൾ; ഇലകൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റുംപോയ വൃക്ഷങ്ങൾ;
13
തങ്ങളുടെ നാണക്കേടു നുരെച്ചു തള്ളുന്ന കൊടിയ കടൽത്തിരകൾ; സദാകാലത്തേക്കും അന്ധതമസ്സു സൂക്ഷിച്ചുവെച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ തന്നേ.
14
ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
15
“ഇതാ കൎത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകലപ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളുംനിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
16
അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്നു. അവരുടെ വായ് വമ്പുപറയുന്നു; കാൎയ്യസാദ്ധ്യത്തിന്നായി അവർ മുഖസ്തുതി പ്രയോഗിക്കുന്നു.
Settings