Skip to content
യിരെമ്യാവ് 51:34-44

യിരെമ്യാവ് 51:34-44

34
ബാബേൽരാജാവായ നെബൂഖദ്നേസർ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവൻ എന്നെ വെറുമ്പാത്രമാക്കി, മഹാസൎപ്പം എന്നപോലെ അവൻ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു.
35
ഞാൻ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോൻനിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേൽ വരട്ടെ എന്നു യെരൂശലേം പറയും.
36
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടൽ ഞാൻ ഉണക്കി, അതിന്റെ ഉറവുകൾ വറ്റിച്ചുകളയും.
37
ബാബേൽ, നിവാസികൾ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാൎപ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.
38
അവർ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗൎജ്ജിക്കും; അവർ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
39
അവർ ജയമത്തരായിരിക്കുമ്പോൾ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാൻ അവൎക്കു ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
40
ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്കു ഇറക്കിക്കൊണ്ടുവരും.
41
ശേശക്ക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സൎവ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായ്തീൎന്നതെങ്ങനെ?
42
ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.
43
അതിന്റെ പട്ടണങ്ങൾ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാൎക്കാത്തതും വഴിനടക്കാത്തതും ആയ ദേശവും ആയിത്തീൎന്നിരിക്കുന്നു.
44
ഞാൻ ബാബേലിൽവെച്ചു ബേലിനെ സന്ദൎശിച്ചു, അവൻ വിഴുങ്ങിയതിനെ അവന്റെ വായിൽനിന്നു പുറത്തിറക്കും; ജാതികൾ ഇനി അവന്റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്റെ മതിൽ വീണുപോകും.
Settings

Reading Style

Typeface

Font Size 19px

Options