യിരെമ്യാവ് 37:11-21
11
ഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ
12
യിരെമ്യാവു ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.
13
അവൻ ബെന്യാമീൻവാതില്ക്കൽ എത്തിയപ്പോൾ, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.
14
അതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.
15
പ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.
16
അങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാൎക്കേണ്ടിവന്നു.
17
അനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
18
പിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.
19
ബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?
20
ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.
21
അപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസംപ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാൎത്തു.
Settings