യെശയ്യാവ് 41:21-29
21
നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിൻ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു.
22
സംഭവിപ്പാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാൎയ്യങ്ങൾ ഇന്നിന്നവയെന്നു അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ.
23
നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന്നു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിന്നു നന്മയെങ്കിലും തിന്മയെങ്കിലും പ്രവൎത്തിപ്പിൻ.
24
നിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവൻ കുത്സിതനത്രേ.
25
ഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂൎയ്യോദയദിക്കിൽനിന്നു അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
26
ഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.
27
ഞാൻ ആദ്യനായി സീയോനോടു: ഇതാ, ഇതാ, അവർ വരുന്നു എന്നു പറയുന്നു; യെരൂശലേമിന്നു ഞാൻ ഒരു സുവാൎത്താദൂതനെ കൊടുക്കുന്നു.
28
ഞാൻ നോക്കിയാറെ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചാറെ; ഉത്തരം പറവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.
29
അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നേ.
Settings