Skip to content
യെഹെസ്കേല്‍ 32:1-16

യെഹെസ്കേല്‍ 32:1-16

1
പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതു: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
3
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെമേൽ എന്റെ വലയെ വീശിക്കും; അവർ എന്റെ വലയിൽ നിന്നെ വലിച്ചെടുക്കും;
4
ഞാൻ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേൽ ഇരിക്കുമാറാക്കി സൎവ്വഭൂമിയിലെയും മൃഗങ്ങൾക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
5
ഞാൻ നിന്റെ മാംസത്തെ പൎവ്വതങ്ങളിന്മേൽ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
6
ഞാൻ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീൎച്ചാലുകൾ നിന്നാൽ നിറയും.
7
നിന്നെ കെടുത്തുകളയുമ്പോൾ ഞാൻ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാൻ സൂൎയ്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രൻ പ്രകാശം നല്കുകയും ഇല്ല.
8
ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാൻ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
9
നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോൾ ഞാൻ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
10
ഞാൻ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാർ കാൺകെ ഞാൻ എന്റെ വാൾ വീശുമ്പോൾ, അവർ നിന്റെനിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളിൽ അവർ ഓരോരുത്തനും താന്താന്റെ പ്രാണനെ ഓൎത്തു മാത്രതോറും വിറെക്കും.
11
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്റെ വാൾ നിന്റെ നേരെ വരും.
12
വീരന്മാരുടെ വാൾകൊണ്ടു ഞാൻ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽവെച്ചു ഉഗ്രന്മാർ; അവർ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
13
വളരെ വെള്ളത്തിന്നരികെനിന്നു ഞാൻ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും; ഇനിമേൽ മനുഷ്യന്റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
14
ആ കാലത്തു ഞാൻ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
15
ഞാൻ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാൻ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാൻ യഹോവ എന്നു അവർ അറിയും.
16
അവർ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാർ ഇതു ചൊല്ലി വിലപിക്കും; അവർ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Settings

Reading Style

Typeface

Font Size 19px

Options