Skip to content
യെഹെസ്കേല്‍ 23:36-44

യെഹെസ്കേല്‍ 23:36-44

36
പിന്നെയും യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, നീ ഒഹൊലയെയും ഒഹൊലീബയെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോടു അറിയിക്ക.
37
അവർ വ്യഭിചാരം ചെയ്തു, അവരുടെ കയ്യിൽ രക്തം ഉണ്ടു; തങ്ങളുടെ വിഗ്രഹങ്ങളോടു അവർ വ്യഭിചാരം ചെയ്തു; അവർ എനിക്കു പ്രസവിച്ച മക്കളെ അവെക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38
ഒന്നുകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
39
അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവർ എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തതു.
40
ഇതുകൂടാതെ, ദൂരത്തുനിന്നു വന്ന പുരുഷന്മാൎക്കു അവർ ആളയച്ചു; ഒരു ദൂതൻ അവരുടെ അടുക്കൽ ചെന്ന ഉടനെ അവർ വന്നു; അവൎക്കു വേണ്ടി നീ കുളിച്ചു, കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു,
41
ഭംഗിയുള്ളോരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വെച്ചു.
42
നിൎഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവർ ആളയച്ചു, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവർ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങൾ വെക്കയും ചെയ്തു.
43
അപ്പോൾ ഞാൻ: കിഴവിയായവൾ വ്യഭിചാരം ചെയ്യും; ഇപ്പോൾ അവർ അവളോടും അവൾ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
44
അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.
Settings

Reading Style

Typeface

Font Size 19px

Options