പുറപ്പാട് 34:1-10
1
യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.
2
നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപൎവ്വതത്തിൽ കയറി; പൎവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.
3
നിന്നോടുകൂടെ ആരും കയറരുതു. പൎവ്വതത്തിലെങ്ങും ആരെയും കാണരുതു. പൎവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.
4
അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപൎവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.
5
അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.
6
യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീൎഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.
7
ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദൎശിക്കുന്നവൻ.
8
എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:
9
കൎത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ കൎത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.
10
അതിന്നു അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സൎവ്വജനത്തിന്നും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്‌വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.
Settings