Skip to content
എസ്ഥേര്‍ 2:9-14

എസ്ഥേര്‍ 2:9-14

9
ആ യുവതിയെ അവന്നു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവൻ അവളുടെ ശുദ്ധീകരണത്തിന്നു വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴു ബാല്യക്കാരത്തികളെയും അവൾക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്തു ആക്കി.
10
എസ്ഥേർ തന്റെ ജാതിയും കുലവും അറിയിച്ചില്ല; അതു അറിയിക്കരുതു എന്നു മൊൎദ്ദേഖായി അവളോടു കല്പിച്ചിരുന്നു.
11
എന്നാൽ എസ്ഥേരിന്റെ സുഖവൎത്തമാനവും അവൾക്കു എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിന്നു മൊൎദ്ദേഖായി ദിവസംപ്രതി അന്തഃപുരത്തിന്റെ മുറ്റത്തിന്നു മുമ്പാകെ നടന്നുകൊണ്ടിരുന്നു.
12
ഓരോ യുവതിക്കു പന്ത്രണ്ടു മാസം സ്ത്രീജനത്തിന്നു വേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം-ആറു മാസം മൂർതൈലവും ആറുമാസം സുഗന്ധവൎഗ്ഗവും സ്ത്രീകൾക്കു ശുദ്ധീകരണത്തിന്നു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ടു അവരുടെ ശുദ്ധീകരണകാലം തികയും-ഓരോരുത്തിക്കു അഹശ്വേരോശ്‌രാജാവിന്റെ സന്നിധിയിൽ ചെല്ലുവാൻ മുറ വരുമ്പോൾ
13
ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും; അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന്നു അവൾ ചോദിക്കുന്ന സകലവും അവൾക്കു കൊടുക്കും.
14
സന്ധ്യാസമയത്തു അവൾ ചെല്ലുകയും പ്രഭാതകാലത്തു രാജാവിന്റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്കു മടങ്ങിപ്പോകയും ചെയ്യും; രാജാവിന്നു അവളോടു ഇഷ്ടം തോന്നീട്ടു അവളെ പേർ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവൾക്കു രാജസന്നിധിയിൽ ചെന്നുകൂടാ.
Settings

Reading Style

Typeface

Font Size 19px

Options