സഭാപ്രസംഗി 2:12-23
12
ഞാൻ ജ്ഞാനവും ഭ്രാന്തും ഭോഷത്വവും നോക്കുവാൻ തിരിഞ്ഞു; രാജാവിന്റെ ശേഷം വരുന്ന മനുഷ്യൻ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നേ.
13
വെളിച്ചം ഇരുളിനെക്കാൾ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്വത്തെക്കാൾ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാൻ കണ്ടു.
14
ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവൎക്കു എല്ലാവൎക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.
15
ആകയാൽ ഞാൻ എന്നോടു: ഭോഷന്നും എനിക്കും ഗതി ഒന്നു തന്നേ; പിന്നെ ഞാൻ എന്തിന്നു അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു. ഇതും മായയത്രേ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.
16
ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓൎമ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷൻ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
17
അങ്ങനെ സൂൎയ്യന്നു കീഴെ നടക്കുന്ന കാൎയ്യം എനിക്കു അനിഷ്ടമായതുകൊണ്ടു ഞാൻ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.
18
സൂൎയ്യന്നു കീഴെ ഞാൻ പ്രയത്നിച്ച പ്രയത്നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ.
19
അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആൎക്കറിയാം? എന്തായാലും ഞാൻ സൂൎയ്യന്നു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.
20
ആകയാൽ സൂൎയ്യന്നു കീഴെ പ്രയത്നിച്ച സൎവ്വപ്രയത്നത്തെക്കുറിച്ചും ഞാൻ എന്റെ ഹൃദയത്തെ നിരാശപ്പെടുത്തുവാൻ തുടങ്ങി.
21
ഒരുത്തൻ ജ്ഞാനത്തോടും അറിവോടും സാമൎത്ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന്നു അവൻ അതിനെ അവകാശമായി വെച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.
22
സൂൎയ്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?
23
അവന്റെ നാളുകൾ ഒക്കെയും ദുഃഖകരവും അവന്റെ കഷ്ടപ്പാടു വ്യസനകരവും അല്ലോ; രാത്രിയിലും അവന്റെ ഹൃദയത്തിന്നു സ്വസ്ഥതയില്ല; അതും മായ അത്രേ.
Settings