അപ്പൊസ്തലപ്രവൃത്തികള്‍ 17:1-9
1
അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
2
പൌലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.
3
ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.
4
അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേൎന്നു.
5
യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേൎത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
6
അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;
7
യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവൎത്തിക്കുന്നു എന്നു നിലവിളിച്ചു.
8
ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.
9
യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.
Settings