2 ശമൂവേല്‍ 12:7-14
7
നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
8
ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാൎവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാൎയ്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു.
9
നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാൎയ്യയെ നിനക്കു ഭാൎയ്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു.
10
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാൎയ്യയെ നിനക്കു ഭാൎയ്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
11
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനൎത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാൎയ്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂൎയ്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാൎയ്യമാരോടുകൂടെ ശയിക്കും.
12
നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാൎയ്യം യിസ്രായേലൊക്കെയും കാൺകെ സൂൎയ്യന്റെ വെട്ടത്തു തന്നേ നടത്തും.
13
ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
14
എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
Settings