Skip to content
2 ദിനവൃത്താന്തം 6:14-25

2 ദിനവൃത്താന്തം 6:14-25

14
യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂൎണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാൎക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വൎഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.
15
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവൎത്തിച്ചുമിരിക്കുന്നു.
16
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവൎത്തിക്കേണമേ.
17
യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
18
എന്നാൽ ദൈവം യഥാൎത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വൎഗ്ഗത്തിലും സ്വൎഗ്ഗാധിസ്വൎഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?
19
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാൎത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാൎത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
20
അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാൎത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാൎത്തരുളേണമേ.
21
ഈ സ്ഥലത്തുവെച്ചു പ്രാൎത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വൎഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
22
ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാൎയ്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
23
നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു പ്രവൎത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
24
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാൎത്ഥിക്കയും യാചിക്കയും ചെയ്താൽ
25
നീ സ്വൎഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവൎക്കും അവരുടെ പിതാക്കന്മാൎക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options