2 ദിനവൃത്താന്തം 33:6-13
6
അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോംതാഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുൎത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.
7
താൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
8
ഞാൻ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാൻ അവർ സൂക്ഷിക്കുമെങ്കിൽ ഞാൻ നിങ്ങളുടെ പിതാക്കന്മാൎക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാൽ ഞാൻ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.
9
അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവൎത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
10
യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല.
11
ആകയാൽ യഹോവ അശ്ശൂർരാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.
12
കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു, തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നേത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാൎത്ഥിച്ചു.
13
അവൻ അവന്റെ പ്രാൎത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവ തന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.
Settings