2 ദിനവൃത്താന്തം 23:1-8
1
ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈൎയ്യപ്പെട്ടു, യെഹോരാമിന്റെ മകൻ അസൎയ്യാവു യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസൎയ്യാവു, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യതചെയ്തു.
2
അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
3
സൎവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം.
4
നിങ്ങൾ ചെയ്യേണ്ടുന്ന കാൎയ്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.
5
മൂന്നിൽ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതില്ക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
6
എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുതു; അവർ വിശുദ്ധരാകകൊണ്ടു അവൎക്കു കടക്കാം; എന്നാൽ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
7
ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8
ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണമാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.
Settings